Saturday, June 7, 2008

ചില പൌരധര്‍മ ഫ്ലാഷ്ബാക്കുകള്‍

"നാളെ ഇന്ത്യ ആര്‌ ഭരിക്കണം എന്ന്‌ തീരുമാനിക്കേണ്ടവരാണ്‌ നിങ്ങള്‍.രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ പോളിംഗ്‌ ബൂത്തില്‍ കണ്ടു മുട്ടേണ്ടവരാണ്‌ നമ്മള്‍.ഇ ത്രയും ഭാരിച്ച ഉത്തരവാദിത്വങ്ങളുള്ള നിങ്ങള്‍ പഠനമോ ജീവിതമോ നിസാരമായിട്ടെടുക്കരുത്‌".

എത്ര വില പിടിപ്പുള്ള ചിന്ത.

രംഗം : ഒരു പത്താം ക്ളാസ്‌ റൂം. വിഷയം : ഹിസ്റ്ററി ആന്‍റ്റ്‌ സിവിക്സ്‌ അഥവാ ചരിത്രവും പൌരധര്‍മവും.

ഞാനിന്നും 'മിസ്‌' ചെയ്യുന്നത്‌;ഒരിക്കല്‍ കൂടി ആ 10 ബി യുടെ ബെഞ്ചില്‍ ഹിസ്റ്ററി ക്ളാസിലിരിക്കണം എന്ന്‌ ചിന്തിപ്പിക്കുന്നത്‌ ആ വിഷയത്തോടുള്ള അമിതമായ താല്‍പര്യം കൊണ്ടല്ല,മറിച്ച്‌ എസ്‌.സി. സ്കൂളിലെ വേറിട്ട ശബ്ദങ്ങളിലൊന്നായ ശ്രീമതി. സൂസമ്മ റ്റീച്ചറിന്‍ റെ ഇത്തരം തകര്‍പ്പന്‍ ഡയലോഗുകള്‍ കൊണ്ടാണ്‌.ഒന്നും കുറിച്ച്‌ വച്ചിട്ടില്ലങ്കിലും പലപ്പൊഴും ആ വാക്കുകള്‍ മനസില്‍ അറിയാതെ മിന്നി മറയുന്നു.

ഓര്‍മയുടെ ചില ഫ്ലാഷ്‌ ബാക്കുകള്‍.....

ആറോ ഏഴൊ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.ഇന്ത്യ മാറി.വിദ്യാര്‍ത്ഥികളുടെ മനോഭാവങ്ങള്‍ പാടേ മാറി.സൂസമ്മ റ്റീച്ചറിന്‍റെ പൌരധര്‍മക്ളാസിലെ ഡയലോഗുകളും മാറിയിരിക്കണം.

പത്താം ക്ളാസിലെ സര്‍ക്കാര്‍ പാഠപുസ്തക സിലബസിനപ്പുറത്തേക്കും ക്ളാസിനെ കൈ പിടിച്ചു കൊണ്ടു പോകാന്‍ റ്റീച്ചറിന്‌ എന്നും കഴിഞ്ഞിരുന്നു.റ്റീച്ചര്‍ ഒപ്പം പഠിപ്പിച്ചിരുന്ന ഇംഗ്ളീഷ്‌ സെക്കണ്റ്റ്‌ പേപ്പറിലെ 'മെര്‍ച്ചണ്റ്റ്‌ ഓഫ്‌ വനീസും' 'കിംഗ്‌ ലിയറും' 'ജൂലിയസ്‌ സീസറു'മെല്ലാം ചെന്നെത്തുന്നത്‌ ഒരേ ഡയലൊഗിലേക്കാണ്‌.

"എന്തിനാണ്‌ നമ്മള്‍ പഠിക്കുന്നത്‌?പ്രത്യേകിച്ച്‌ ചരിത്രം?കഴിഞ്ഞു പോയ തെറ്റുകള്‍ അവര്‍ത്തിക്കപ്പെടരുത്‌.അണ്വായുധങ്ങളെ പറ്റി നമ്മള്‍ പഠിക്കുന്നത്‌ നമ്മുടെ ഡല്‍ഹിയും ബോംബെയും മറ്റൊരു ഹിരോഷിമയോ നാഗാസാക്കിയോ ആവാതിരിക്കാനാണ്‌".

തികഞ്ഞ ഹര്‍ത്താല്‍ വിരോധിയായ റ്റീച്ചര്‍ പറഞ്ഞ പ്രശസ്തമായ മറ്റൊരു ഡയലൊഗ്‌:

"ഇന്നാര്‍ക്കും കടകളടപ്പിക്കാം.പേരും നാളും അച്ചടിച്ച പ്രസിന്‍റെ പേരുമില്ലാതെ ഒരു നോട്ടീസ്‌ ഒരു മാടക്കടയില്‍ പ്രത്യക്ഷപ്പെട്ടാല്‍ നാളെ കടകള്‍ തുറക്കില്ല,ബസുകള്‍ ഓടില്ല.പക്ഷേ ബസുകാരെ പറയാന്‍ പറ്റില്ല.അഞ്ചും ആറും ലക്ഷം രൂപ മുടക്കി അവരിറക്കുന്ന ഒരു ബസിന്‍റെ ചില്ല്‌ നിസ്സരമായി തല്ലിപ്പൊട്ടിക്കാനോ കല്ലെറിയാനോ ആര്‍ക്കും ലൈസന്‍സുണ്ടിവിടെ. അത്രയും അത്ഥ:പതിച്ചിരിക്കുകയാണ്‌ നമ്മളഭിമാനിക്കുന്ന ആര്‍ഷഭാരതസംസ്കാരം!"

സ്ഥിരമായി ടെസ്റ്റ്‌ പേപ്പറിടുന്ന റ്റീച്ചറോട്‌ ഒരിക്കല്‍ പരിഭവിച്ച ഞങ്ങള്‍ക്ക്‌ കിട്ടിയ മറുപിടി റ്റീച്ചറിന്‍റെ ഒരു മാസ്റ്റര്‍ പീസാണ്‌:

"എനിക്ക്‌ കപ്പലണ്ടി വാങ്ങിക്കാന്‍ സര്‍ക്കാര്‍ കാശ്‌ തരുന്നുണ്ടെടാ മക്കളേ,നിങ്ങളുടെ ടെസ്റ്റ്‌ പേപ്പര്‍ വിറ്റിട്ട്‌ എനിക്ക്‌ കപ്പലണ്ടി വാങ്ങിക്കണ്ടാ.പിന്നെ ഞാന്‍ ജോലി ചെയ്യുന്നത്‌ ജീവനില്ലാത്ത ഫയലുകള്‍ക്കൊപ്പമല്ല.ജീവിക്കുന്ന,പ്രതികരണശേഷിയുള്ള,നാളെയുടെ വാഗ്ദാനങ്ങളായ ഒരു തലമുറയ്ക്ക്‌ വേണ്ടിയാണ്‌.ആ ഒരു ഉത്തരവാദിത്വം എനിക്കുണ്ട്‌".

വളരെ വേഗം ആ പത്താം ക്ളാസ്‌ ദിനങ്ങള്‍ അവസാനിച്ചു.മോഡല്‍ എക്സാം നടക്കുമ്പൊഴാണ്‌ അവസാനമായി റ്റീച്ചര്‍ ഞങ്ങള്‍ക്ക്‌ ക്ളാസെടുത്തത്‌.പതിവ്‌ ഡയലൊഗുകള്‍,ഒരു വിടവാങ്ങല്‍ പ്രസംഗം പോലെ. ഒത്തിരി ഒത്തിരി കാര്യങ്ങള്‍,പിന്നെ ഒരു അനുഗ്രഹവും:

"നിങ്ങള്‍ ഭാവിയില്‍ ആരൊക്കെ ആയാലും,എന്തൊക്കെ പഠിച്ചാലും മനുഷ്യനെ മനുഷ്യന്‍ ആക്കുന്ന ചില സംഗതികളുണ്ട്‌.ആരുടെ മുന്നിലും തല കുനിക്കരുത്‌.കടമകളും കടപ്പാടുകളും മറക്കരുത്‌.അത്‌ നിങ്ങളൊടൊ,നിങ്ങളൂടെ കുടുംബത്തൊടൊ രാഷ്ട്രത്തോടൊ ആയിക്കൊള്ളട്ടെ.നിങ്ങളൂടെ തലമുറ ഒരിക്കലും നശിക്കത്തില്ല.അതിന്‌ രണ്ട്‌ കാരണങ്ങളുണ്ട്‌,ഒന്ന് നിങ്ങള്‍ക്ക്‌ വിജയിക്കുവാനുള്ള കപ്പാസിറ്റി ഉണ്ട്‌.പിന്നെ നിങ്ങളുടെ പിന്നില്‍ നിങ്ങളുടെ അമ്മമാരുടെ കണ്ണുനീരും പ്രാര്‍ത്ഥനയുമുണ്ട്‌".

റ്റീച്ചറിന്‍റെ വാക്കുകള് പലതും സത്യമായി.ഞങ്ങളുടെ ബാച്ചിലുള്ളവരെല്ലാം വിചാരിച്ചതിലും അനേകം മടങ്ങായി ഉയര്‍ന്നു .

2007 ലെ ഒരു സെപ്റ്റംബര്‍ അവധിക്കാലം.ഹയര്‍ സെക്കണ്ടറി സയന്‍സ്‌ ബാച്ച്‌ റീയൂണിയനില്‍ പ്രസംഗിക്കാന്‍ റ്റീച്ചര്‍ ഞങ്ങളുടെ ക്ഷണം സ്വീകരിച്ചെത്തി.

"സയന്‍സ്‌ വിദ്യാര്‍ത്ഥികളായിരുന്ന നിങ്ങള്‍ ഒരു ചരിത്രാധ്യാപികയായ എന്നെ നിങ്ങളുടെ റീയൂണിയനിലേക്ക്‌ ക്ഷണിച്ചത്തിന്‍റെ പിന്നിലെ സംഗതി എനിക്ക്‌ മനസിലാകുന്നില്ലങ്കിലും.........." എന്നു തുടങ്ങി പഴയ പ്രസരിപ്പോടെ ഒരു തകര്‍പ്പന്‍ ക്ളാസ്‌.

നന്നായൊന്നു റീച്ചാര്‍ജായി.

അവസാനം ക്ഷേമാന്വേഷണങ്ങള്‍ക്കൊടുവില്‍ അല്‍പം നൊമ്പരത്തോടെ ഒരു ഡയലോഗ്‌:

"പഴയ പോലെ ഒന്നും പറ്റുന്നില്ലാ. മനസ്‌ എത്തുന്നിടത്ത്‌ ശരീരമെത്തുന്നില്ല"

********************************

പത്താം ക്ളാസ്‌ കഴിഞ്ഞിട്ട്‌ ഏഴോളം ജൂണ്‍ മാസങ്ങള്‍ കഴിഞ്ഞു.എങ്കിലും മനസില്‍ വീണ്ടും ഒരാഗ്രഹം:

ഒരു ജൂണ്‍ മാസത്തില്‍ പുറത്തു നല്ല മഴ പെയ്യുമ്പൊള്‍ ആ നല്ല കൂട്ടുകാരോടൊത്ത്‌ ഒരിക്കല്‍ കൂടി 10 ബിയില്‍ സിവിക്സ്‌ ക്ളാസിലിരിക്കണം.തകര്‍ത്തു പെയ്യുന്ന മഴയ്ക്ക്‌ ഡയറക്‌ലി പ്രൊപ്പോറ്‍ഷണലായി ഉയരുന്ന ആ നല്ല വാക്കുകള്‍ കേള്‍ക്കണം.

പക്ഷെ,

"വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പൊഴും വെറുതേ മോഹിക്കുവാന്‍ മോഹം.............. "

Saturday, May 10, 2008

ബാക്ക്‌ റ്റു ബേസിക്സ്‌...

സമയം തെറ്റി പെയ്യുന്ന മഴയാണ്‌.കൂടെ ഇടിയും മിന്നലുമൊക്കെയായപ്പോള്‍ ഞങ്ങളുടെ വിദ്യാലയത്തിണ്റ്റെ ക്ളാസ്‌ മുറികള്‍ തണുത്തുറക്കമായി.നിര്‍ഭാഗ്യവശാല്‍ 8 ബി ഉറങ്ങിയിരുന്നില്ല.

അവിടെ തകര്‍പ്പന്‍ കെമിസ്ട്രി ക്ളാസ്‌ നടക്കുകയാണ്‌.

"നിനക്കൊന്നും ഇംഗ്ളീഷില്‍ പറഞ്ഞാല്‍ മനസിലാകത്തില്ലങ്കില്‍ ഞാന്‍ മലയാളത്തില്‍ പറയാമെടാ...."
എമിലി റ്റീച്ചറുടെ ആക്രോശത്തിണ്റ്റെ ഉരുള്‍ പൊട്ടല്‍ ആരംഭിച്ചിട്ട്‌ സമയം കുറച്ചൊന്നുമല്ലാ ആയിട്ടുള്ളത്‌.
പതിനൊന്നെകാലിന്‌ തുടങ്ങുന്ന നാലാം പീരിയഡിണ്റ്റെ ആദ്യ 10 മിനിറ്റ്‌ ചോദ്യോത്തര പംക്തിയാണ്‌.റ്റീച്ചര്‍ ചോദ്യം ചോദിക്കും,ഞങ്ങള്‍ ഉത്തരത്തില്‍ നോക്കിയിരിക്കും.ഇതൊരു സ്ഥിരം കലാപരിപാടിയാണ്‌.

നൈട്രജന്‍ ആദ്യമായി നിര്‍മിച്ചത്‌ ആര്‌ എന്ന ചോദ്യത്തിന്‌ "ഡോ: എം. എസ്‌.സ്വാമിനാഥന്‍ " എന്ന മഹത്തായ ഉത്തരം നല്‍കിയ ക്രെഡിറ്റില്‍ ശ്രീമാന്‍ അരുണ്‍ കുമാര്‍ ക്ളാസില്‍ നിന്നും പുറത്താക്കപ്പെടുകയും,മഴയുടെ സൌന്ദര്യം നുകര്‍ന്ന്‌ അറ്റെന്‍ഷനായി നില്‍ക്കുകയും ചെയ്യുന്നു.

ഇടിയും മഴയും കാരണം ചോദ്യോത്തര പംക്തി മുപ്പത്തിമൂന്നാം മിനിറ്റിലേക്ക്‌ കടന്നിരിക്കുന്നു. പുതിയ ഒരു സംഭവവുമുണ്ട്‌,

എമിലി റ്റീച്ചര്‍ ബോര്‍ഡില്‍ കുറെ അക്ഷരങ്ങള്‍ പെറുക്കിയിട്ടു:

NaOH + HCl -> _______ + _______.

ഉത്തരം പറയാന്‍ (എഴുതാന്‍) വിധിക്കപ്പെട്ടത്‌ കെമിസ്ട്രിക്ക്‌ 17 മാര്‍ക്ക്‌ വാങ്ങുന്ന മാത്യു പീ. തോമസ്‌.

തണ്റ്റെ കെമിക്കല്‍ നൊളജിണ്റ്റെ പൂഴിക്കടകന്‍ എടുത്തിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല പാവത്തിന്‍്‌!

"എന്നതാടാ NaOH,അതെങ്കിലും പറ നീ........." ചൂരല്‍ ഉയര്‍ത്തി കൊണ്ട്‌ എമിലി റ്റീച്ചര്‍ ഗിയര്‍ മാറി.

“Na.....Na....NaOH.....”മാത്യുവിണ്റ്റെ ഉത്തരം ഗദ്ഗദിച്ചു.

മാത്യുവിണ്റ്റെ സിസ്റ്റൊളും ഡയസ്റ്റൊളും ആക്സിലറെറ്റ്‌ ചെയ്തു,പെമ്പിള്ളേര്‍ ചെവിയും കണ്ണും പൊത്തി ഡെസ്കില്‍ തല ചെരിച്ചിരുപ്പാണ്‌

"ഠേ....." എമിലി റ്റീച്ചര്‍ മാത്യുവിനിട്ട്‌ പൊട്ടിച്ചു.

ഉത്തരം 100 തവണ എമ്പൊസിഷന്‍ എഴുതാനും പേരണ്റ്റിണ്റ്റെ എന്‍ഡോഴ്സ്മെണ്റ്റോടെ നാളെ കൊണ്ടുവരാനും എന്നിട്ട്‌ ക്ളാസില്‍ കയറിയാല്‍ മതിയെന്നും പറഞ്ഞത്‌ കേട്ട്‌ മാത്യു ക്ളാസിന്‌ വെളിയില്‍ ഇ റങ്ങിയപ്പോളാണ്‌ നോണ്‍ റ്റീച്ചിംഗ്‌ വിഭാഗത്തില്‍ പെട്ട അമ്മിണി നോട്ടീസുമായി ക്ളാസില്‍ കയറിയത്‌.

ചൂരല്‍ താഴെ വച്ച്‌ ,സ്വര്‍ണ ഫ്രെയിമുള്ള കണ്ണാടി ഊരി കൊണ്ട്‌ എമിലി റ്റീച്ചര്‍ വായിച്ചു:

"അധ്യയനവര്‍ഷത്തെ യുവജനൊത്സവത്തോടനുബന്ധിച്ച്‌ നടക്കുന്ന മലയാളം കഥാരചന,കവിതാരചന,ഉപന്യാസരചന എന്നിവയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എബ്രഹാം കുര്യന്‍ സാറിണ്റ്റെ പക്കല്‍ പേരു കൊടുക്കേണ്ടതും,വെള്ളിയാഴ്ച ഉച്ചയ്ക്ക്‌ 1.30 നു 9 സി ക്ളാസ്‌ റൂമില്‍ ഹാജരാകേണ്ടതുമാണ്‌”.

ആദ്യ ബെഞ്ചിലെ അടിച്ചിപ്പുഴക്കാരന്‍ ജസ്റ്റിന്‍ ജോസഫിണ്റ്റെ റോട്ടോമാക്‌ പേന വാങ്ങി നോട്ടീസില്‍ എമിലി റ്റീച്ചര്‍ ഒപ്പ്‌ വച്ചപ്പൊഴേക്കും ഉച്ചയൂണിന്‌ ബെല്ലടിച്ചിരുന്നു.

"എടാ നമുക്കും പോണം,കഥരചനയ്ക്ക്‌..." 'കാക്ക' എന്ന റസല്‍ സുലൈമാന്‍ ചോറുപാത്രം തുറന്നു കൊണ്ട്‌ പറഞ്ഞു.

"കഥാരചന,പരിപാടി കൊള്ളാം....ജോഗ്രഫി ക്ളാസില്‍ നിന്ന്‌ രക്ഷപെടാം" ജസ്റ്റിന്‍ ജോസഫ്‌ സെക്കണ്റ്റ്‌ ചെയ്തു.

"അല്ലേലും ഭൂമിശാസ്ത്രമെന്നൊക്കെ പറയുന്നത്‌ ഒരു ബോറന്‍ ഏര്‍പ്പാടാ. മുണ്ടക്കയം പോലും കണ്ടിട്ടില്ലാത മിനി റ്റീച്ചര്‍ മിസിപിപ്പി നദിയുടെ കൈത്തോടും കിളിമഞ്ഞാരൊ മരുഭൂമിയിലെ കള്ളിമുല്‍ചെടിയെന്നൊക്കെ പറയുമ്പൊഴേ എനിക്കുറക്കം വരും"

"കിളിമഞ്ഞരോ മരുഭൂമിയോ?" ഞാന്‍ പാവയ്ക്കാ മെഴുക്കുപുരട്ടി ചോറുപാത്രത്തില്‍ നിന്നും ഖനനം ചെയ്യുന്നതിനിടയില്‍ ചോദിച്ചു.

"നീ ഒന്നും ചോദിക്കണ്ടാ....കഥരചനയ്ക്ക്‌ വരുന്നൊ ഇല്ലിയോ? " റസല്‍ കാക്ക ചൂടായി.

"ജോഗ്രഫിയല്ലേ,ലേബര്‍ ഇന്‍ഡ്യ നോക്കി പഠിക്കാം........ഞാനും വരുന്നു" ഞാന്‍ നയപ്രഖ്യാപനം നടത്തി.

എസ്‌.സി.മിഡില്‍ സ്കൂളില്‍ "സ്കൂള്‍ റ്റൈംസ്‌" എന്ന ഒരു ദ്വൈവാരപത്രം ഞാനും റസലും ഇ റക്കിയിയിരുന്നു.

മനോരമയ്ക്ക്‌ മാതൃഭൂമി പോലെ ശ്രീമാന്‍ ജസ്റ്റിന്‍ ജോസ്ഫിണ്റ്റെ പത്രാധിപത്യത്തില്‍ 'ക്ളാസ്‌ റ്റൈംസും' ശ്രീമാന്‍ ജിമ്മി ജോര്‍ജിണ്റ്റെ പത്രാധിപത്യത്തില്‍ 'ഫണ്‍ റ്റൈംസും' ഞങ്ങളുടെ പത്രത്തിന്‌ എതിരായി ഇ റങ്ങുന്ന കാലം (ആ കഥ പിന്നീടൊരിക്കലാവാം.... !)

ജസ്റ്റിനും ജിമ്മിയുമൊക്കെ വ ന്‍ തോക്കുകളാണ്‌.മലങ്കര കാത്തൊലിക്ക സഭ പുറത്തിറക്കുന്ന കളിക്കുടുക്കകളിലെല്ലാം ഇവരുടെ പേരും ഇ ടവകയും ആദ്യകുര്‍ബാന തീയതിയുമൊക്കെ വച്ച്‌ കുട്ടികഥകളും കടങ്കഥകളും അച്ചടിച്ചു വന്നിരുന്നു. എനിക്കണെങ്കില്‍ കൈമുതലായുള്ളത്‌ പരിമിതമായ വായന മാത്രം!

എന്തായാലും കഥ എഴുതാന്‍ പോയി.സീരിയസായി തന്നെ.

9 സി ഇ പ്പോള്‍ ഒരു സ്റ്റോര്‍ റൂമാണ്‌.എസ്‌.സി.സ്കൂളിണ്റ്റെ അത്ര പ്രായമുള്ള സയന്‍സ്‌ ലാബ്‌ കഴിഞ്ഞ തുലാമഴയത്ത്‌ ഇടിഞ്ഞു വീണപ്പൊള്‍ അവശേഷിഷിച്ച ചില ശാസ്ത്ര സംഗതികള്‍ (ബാക്കിയുള്ളത്‌ ആമ്പിള്ളേര്‍ കൊണ്ടുപോയി!) അവിടെ മനോഹരമായി അടുക്കി സൂക്ഷിച്ചിരിക്കുന്നു.

അസ്തികൂടവും തലയോട്ടിയും പാട്ടപെറുക്കികളുടെ ത്രാസും വക്ക്‌ പൊട്ടിയ ചില ടെസ്റ്റ്‌ റ്റ്യുബുകളുമൊക്കെ ഭാവിയുടേ കഥാകാരന്‍മാരെ നോക്കി പൊട്ടിച്ചിരിക്കുന്നു.

തലയൊട്ടിയെ ഫേസ്‌ ചെയ്ത്‌ ഞാനും റസലും ഇരുന്നു.വെള്ളിയാഴ്ച്‌ ദിവസം ഇട്ടിയപ്പറ ചന്തയിലെ ആള്‍ക്കൂട്ടമുണ്ട്‌ കഥയെഴുതാന്‍.ജോഗ്രഫി,ഹിന്ദി,ഹിസ്റ്ററി ആണ്റ്റ്‌ സിവിക്സ്‌ എന്നീ ക്ളാസുകളില്‍ നിന്നും തടിതപ്പാന്‍ വന്നതാണ്‌ ഭൂരിപക്ഷവും.

വാക്കുകല്‍ കൊണ്ടമ്മാനമാടുന്ന പ്രസംഗസീനിയര്‍മാര്‍,100 വാക്കില്‍ ഉപന്യസിക്കേണ്ട ഉത്തരത്തിന്‌ 473 വാക്ക്‌ എഴുതിക്കൂട്ടിയ മറ്റൊരു താരം തുടങ്ങിയവരെല്ലാമുണ്ട്‌.

പ്രതീക്ഷ്യ്ക്ക്‌ പത്തനംതിട്ട ജില്ലയില്‍ പോലും വകയില്ലല്ലോ എന്നു വിഷാദിക്കുമ്പൊള്‍ കഥാനായകന്‍ എബ്രഹാം കുര്യന്‍ സാര്‍ എസ്‌.സി.സ്കൂളിണ്റ്റെ സീല്‍ പതിച്ച എക്സാമിനേഷന്‍ പേപ്പര്‍ വിതരണം ആരംഭിച്ചു.

സബ്ജക്റ്റ്‌ അനൌണ്‍സ്മെണ്റ്റും കഴിഞ്ഞു: "മിഥ്യയായ സത്യം"!

ഞെട്ടി എന്നൊക്കെ പറഞ്ഞാല്‍ പോരാ..ഒരു കാര്‍ഡിയാക്ക്‌ അറസ്റ്റ്‌ എന്നു തന്നെ പറയണം.

എന്തൊരു വിഷയമാണിത്‌...ഈ വിഷയം സജസ്റ്റ്‌ ചെയ്തത്‌ ഏത്‌ സാഹിത്യാഭിരുചിയില്ലാത്ത അധ്യാപകശ്രേഷ്ഠനാണാവൊ .....എല്ലാവറ്‍ക്കും സ്റ്റാര്‍ട്ടിംഗ്‌ പ്രോബ്ളം.

സെണ്റ്റിമണ്റ്റ്‌ കുറെ ഇറക്കിയാലോ?കഥാനായികയ്ക്ക്‌ എന്ത്‌ പേരിടണം...കഥ നടക്കുന്നത്‌ നമ്മുടെ സ്വന്തം 105 റബര്‍ തോട്ടത്തിലോ ജമ്മു കാഷ്മീരിലെ മഞ്ഞു മൂടിക്കിടക്കുന്ന ഗിരികളിലോ.....എണ്റ്റെ ചിന്തകള്‍ കാട്‌ കയരിയപ്പൊഴേക്കും റസല്‍ കാക്ക മൂന്നമത്തെ പേപ്പറ്‍ വാങ്ങിക്കഴിഞ്ഞിരുന്നു.

"എന്നതാടാ നീ എഴുതി കൂട്ടുന്നത്‌?" ഞാന്‍ പതിയെ ചോദിച്ചു.

"അളിയാ,ബാലഭൂമിയില്‍ വന്ന ഒരു കിടിലന്‍ കഥയുണ്ട്‌....ഞാനതൊരു സെറ്റപ്പിലെത്തിച്ചു".

മുക്കാല്‍ മണിക്കൂറ്‍ പിന്നിട്ടിരിക്കുന്നു.ഒരു ത്രെഡ്‌ രൂപപ്പെട്ട്‌ വരുന്നുണ്ട്‌.

'മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍' - ഒരേ സമയം പല വക്തികളായി പെരുമാറുന്ന ഒരു രോഗാവസ്ഥയാണത്‌(രാവിലെ ജോര്‍ജുകുട്ടി,വൈകിട്ട്‌ കൃഷ്ണന്‍ കുട്ടി ).തലച്ചോറ്‍ സംബന്ധമായ ഒരു അസുഖമാണെന്നു തോന്നുന്നു.

മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍: ഞാനൊരു അലക്കങ്ങലക്കി.അസുഖം ബാധിച്ച ഒരു വല്യമ്മയുടെ കഥ അല്‍പം സെണ്റ്റിയും ത്രില്ലുമ്മൊക്കെ ചേറ്‍ത്തെഴുതി പേനയുടെ ക്യാപ്പടച്ചപ്പോള്‍ എനിക്കെന്നൊടു തന്നെ ഒരു ബഹുമാനം തോന്നിപ്പോയി.

കഥരചനയുടെ റിസള്‍റ്റ്‌ പ്രഖ്യാപിക്കുന്ന ദിവസം.എനിക്ക്‌ തീരെ പ്രതീക്ഷയ്ക്ക്‌ വകയില്ലാ.പ്രസംഗവീരന്‍മാരും ഉപന്ന്യാസക്കാരിയും കളിക്കുടുക്കസാഹിത്യകാരന്‍മാരുമൊക്കെ തകറ്‍ക്കുന്ന കഥാലോകത്തില്‍ ഞാനൊരു എട്ടുകാലി മമ്മൂഞ്ഞ്‌ പോലുമല്ല.

ഒന്നാം സ്ഥനം കിട്ടിയാല്‍ കടക്കെണ്ട കടമ്പകള്‍ ഷൈല റ്റീച്ചര്‍ എന്നോട്‌ പറഞ്ഞിരുന്നു-ആദ്യം സബ്‌ ജില്ല,പിന്നെ ജില്ല,സംസ്ഥാനം.....

ഇല്ല,തീരെ താല്‍പര്യമില്ല.ഇ തിലും ഭേദം മിസിപിപ്പി നദിയും കിളിമഞ്ഞാരോ കൊടുമുടിയുമൊക്കെ തന്നെ.

സ്കൂള്‍ യുവജനൊത്സവത്തിണ്റ്റെ രണ്ടാമത്തെ ദിവസം സൈമണ്‍ സാര്‍ ഫലപ്രഖ്യാപനം നടത്തുകയാണ്‌.
ഭരതനാട്യം ഫ സ്റ്റ്‌: സുജിത്‌ സൈമണ്‍ (സാറിണ്റ്റെ മകനാണ്‌!)
സെക്കണ്റ്റ്‌ : അര്‍ച്ചന നായറ്‍ (പേര്‌ സാങ്കല്‍പ്പികം)
തേറ്‍ഡ്‌ : ഇ ല്ലാ....

മലയാളം കഥാരചനാ: ഒരു നിമിഷം സാറൊന്നു നിറ്‍ത്തി.

എനിക്ക്‌ ആദ്യമായി ഒരു ചങ്കിടിപ്പ്‌.
സാര്‍ തുടറ്‍ന്നു:
മലയാളം കഥരചനാ ഫ സ്റ്റ്‌ : റ്റെറ്‍ട്ടിയസ്‌ കോശി തോമസ്‌. സെക്കണ്റ്റ്‌:

ബാക്കിയൊന്നും ഞാന്‍ കേട്ടില്ലാ.

പ്രസംഗവീരന്‍മാരും,ഉപന്യാസക്കാരിയും കടങ്കഥകാരുമെല്ലാം എണ്റ്റെ മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി ഡിസോറ്‍ഡറിന്‌ മുന്‍പില്‍ തോറ്റ്‌ തുന്നം പാടിയിരിക്കുന്നു.എനിക്കിതാ മലയാളം കഥാരചന ഫസ്റ്റ്‌ പ്രൈസ്‌!.

എസ്‌.സി .ഹൈ സ്കൂളിലും ഹയറ്‍ സെക്കന്‍ഡറിയിലുമായി ഞാന്‍ പഠിച്ച 5വര്‍ഷവും മലയാളം കഥാരചനയ്ക്ക്‌ ഒന്നാം സ്ഥാനം കിട്ടിവാനുള്ള ഭാഗ്യമോ നിറ്‍ഭാഗ്യമൊ സര്‍വശക്തന്‍ എനിക്ക്‌ തന്നു.

ഒരു കഥാകാരന്‍ എന്ന നിലയിലേക്ക്‌ വളരുവാന്‍ താല്‍പര്യമില്ലാതിരുന്നിട്ടും ഞാനും പോയി നിരവധി സബ്‌ ജില്ലാ,ജില്ലാ ,സംസ്ഥാന യുവജനൊത്സവങ്ങളില്‍...

അവസാനമായി പോയത്‌ മലപ്പുറത്തെ തിരൂരില്‍,മലയാള ഭാഷയുടെ പിതാവായ എഴുത്തച്‌ചണ്റ്റെ നാട്ടില്‍.( അക്കഥ ആംഗലേയത്തിലായിരുന്നു.ഹയറ്‍ സെക്കണ്ടറിക്ക്‌ പഠിക്കുമ്പൊള്‍).

പിന്നീട്‌ ഒരു നീണ്ട ഇടവേള.കഥകളുടെ ലോകത്തേക്കിനി മടക്കയാത്ര വേണ്ട എന്ന് തീരുമാനിച്ചുറപ്പിച്ചതാണ്‌.കാലത്തിണ്റ്റെ കുത്തൊഴുക്കില്‍ പറയാന്‍ ബാക്കി വച്ച കഥകള്‍ നിറഞ്ഞ മനസിലേക്ക്‌ റോബൊട്ടിക്സും പ്രോഗ്രാമിങ്ങും കടന്നു കൂടിയപ്പോഴും അനുഭവങ്ങളില്‍ സമ്പന്നനായപ്പൊഴും ഞാന്‍ സ്നേഹിച്ച മലയാളത്തെ ഒന്നു മനപ്പൂര്‍വം മറന്നു.


സമയം കിട്ടും പോലെ കഥകള്‍ ഇവിടെ പ്രതീക്ഷിക്കാം.....


(കഥ തുടരും... )

Friday, May 2, 2008

മഹാതിര്‍ മുഹമ്മദും ബ്ളോഗറായി.....


മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദും ബ്ളോഗ്‌ തുറന്നു.82കാരനായ മഹാതിര്‍ ഇക്കഴിഞ്ഞ മെയ്‌ ദിനത്തിലാണ്‌ തന്‍റ്റെ ആദ്യ ബ്ളോഗ്‌ പ്രസിദ്‌ധീകരിച്ചത്‌.നീണ്ട 22വര്‍ഷം പ്രധാനമന്ത്രിയയിരുന്ന മഹാതിര്‍,1997 ഏഷ്യന്‍ സാമ്പത്തീക തകര്‍ച്ചയില്‍ നിന്നും മലേഷ്യയെ കരകയറ്റുന്നതില്‍ വഹിച്ച പങ്ക്‌ മൂലം ലോകപ്രശസ്തനായി .

ഇപ്പോള്‍ മലേഷ്യയില്‍ ബ്ളോഗര്‍മാര്‍ ഒരു ശക്തിയായി മാറിക്കഴിഞ്ഞു.കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ ചില ബ്ളോഗര്‍മാര്‍ വിജയിച്ച്‌ പാര്‍ലമെണ്റ്റില്‍ എത്തിയതും,മുന്‍ സര്‍ക്കാരിനെതിരെ പടവാളുമായി നിരവധി ബ്ളോഗര്‍മാര്‍ ഇറങ്ങിയതും മഹാതിര്‍ തീര്‍ച്ചയായും മനസിലാക്കിയിരിക്കും.ബ്ളോഗുകളുടെ ശക്തി മലേഷ്യ മനസിലാക്കി എന്നു വേണം കരുതാന്‍. Che Det എ ന്ന തൂലികാനാമമാണ്‌ മഹാതിര്‍ ബ്ളോഗില്‍ ഉപയോഗിച്ചിരിക്കുന്നത്‌.
സന്ദര്‍ശിക്കാന്‍: www.chedet.com

ഇന്ദിരാ പോയിന്‍റ്റ്‌:
ശ്രീമാന്‍ മഹാതിറിണ്റ്റെ കുടുംബ പശ്ചാത്തലം പരിശോധിച്ചാല്‍ മലബാറിലെ ഒരു മുസ്ളിം തറവാട്ടില്‍ ചെന്നു നില്‍ക്കും.പിതാവ്‌ ഒരു കുടിയേറ്റ മലബാറി.പക്ഷെ താന്‍ ഒരു കാലം വരെ മലയാളി ബന്ധം പുറത്ത്‌ വിട്ടില്ല.മലേഷ്യയിലെ മലയ്‌ മുസ്ളിം സമൂഹത്തിണ്റ്റെ സമുന്നതനായ നേതാവിന്‌ ഒരിക്കലും അതിന്‌ കഴിഞ്ഞില്ല.ഒരു പക്ഷെ മലയാളി ബന്ധം പുറത്തായിരുന്നെങ്കില്‍ മലേഷ്യക്ക്‌ ശക്തനായ ഒരു പ്രധാനമന്ത്രിയെ നഷ്ടമായേനെ. താന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ തണ്റ്റെ ഔദ്യോഗിക വസതിയിലേക്ക്‌ കയറി ചെന്ന ഒരു മലയാളി പത്രപ്രവര്‍ത്തകന്‍,അകത്ത്‌ നിന്നും നല്ല മലബാറി മലയാളം കേട്ട്‌ ഞെട്ടിയത്‌ മനോരമയില്‍ മുന്‍പ്‌ തോമസ്‌ ജേക്കബ്‌ എഴുതിയത്‌ ഓര്‍മ വരുന്നു!

Thursday, May 1, 2008

മെട്രൊ റെയില്‍ സിസ്റ്റം കൊച്ചിയില്‍.....

കൊച്ചിയില്‍ കൊച്ചി മെട്രൊ റെയിലിന്‌ കേന്ദ്ര അനുമതി ലഭിച്ചത്‌ മനോരമയില്‍ കണ്ടു.സന്തോഷം,2010 ല്‍ പ്രവര്‍ത്തനം ആരംഭിക്കമെന്നു പ്രതീക്ഷിക്കുന്ന 25 കിലോ മീറ്റര്‍ ലൈറ്റ്‌ റയില്‍ സിസ്റ്റം ഒരു പരിധി വരെ കൊച്ചിക്ക്‌ അനുഗ്രഹമാകും.2010 ല്‍ പദ്‌ധതി പ്രാവര്‍ത്തികമാകുമോ എന്ന സംശയം മാത്രം ബാക്കി നില്‍ക്കുന്നു. എങ്കിലും കാര്യങ്ങള്‍ക്ക്‌ ഒരു വ്യക്തത വന്നതോടെ കേരളത്തിലും മെട്രൊ റെയില്‍ എത്തുമെന്നുറപ്പിക്കാം.

എങ്ങനെയിരിക്കും ലൈറ്റ്‌ റെയില്‍ സിസ്റ്റം?
കൊച്ചിയില്‍ എത്തുന്നത്‌ ലൈറ്റ്‌ റയില്‍ സിസ്റ്റം ആണ്‌.സാധാരണ ലൈറ്റ്‌ റെയില്‍ സിസ്റ്റം രണ്ടോ മൂന്നോ ക്യാബിനുകളുള്ള ചെറിയ ട്രയിനുകള്‍ ആണ്‌.


മലേഷ്യന്‍ തലസ്ഥാനമായ ക്വാലലംപൂരിലെ ലൈറ്റ്‌ റെയില്‍ ക്യാബിനുകള്‍

കൊച്ചിയില്‍ ഒരു പക്ഷെ ട്രയിനുകള്‍ ഓടുന്നത്‌ ഉയറ്‍ന്ന്‌ നില്‍ക്കുന്ന കൊണ്‍ക്രീറ്റ്‌ തൂണുകളില്‍ ഉറപ്പിച്ച റെയില്‍ പാളങ്ങളില്‍ ആയിരിക്കും.



അതായത്‌ സ്റ്റേഷനുകള്‍ ഭൂമി നിരപ്പില്‍ നിന്നും മുകളില്‍ ആയിരിക്കും!

സിംഗപ്പൂരിലെ ഒരു ലൈറ്റ്‌ റെയില്‍ ട്രാന്‍സിറ്റ്‌ (LRT) സ്റ്റേഷന്‍.

ലൈറ്റ്‌ റെയില്‍ ട്രാന്‍സ്‌ പോര്‍ട്ട്‌ സിസ്റ്റത്തില്‍ റ്റിക്കറ്റ്‌ ചെക്കര്‍ മാരില്ല. ട്രയിനില്‍ കയറണമങ്കില്‍ "കാര്‍ഡ്‌" വാങ്ങണം!മൊബൈല്‍ ഫോണ്‍ പ്രീ പൈഡ്‌ കാര്‍ഡ്‌ പോലെ പണം മൂല്യമുള്ള ട്രാന്‍സ്‌ പോര്‍ട്ട്‌ കാര്‍ഡുകളാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌.ഓരൊ സ്റ്റേഷന്‍ കവാടത്തിലും "കാര്‍ഡ്‌ റീഡര്‍" ഉണ്ട്‌. സ്റ്റേഷനില്‍ പ്രവേശിക്കനമെങ്കില്‍ കാര്‍ഡ്‌ ,കാര്‍ഡ്‌ റീഡറില്‍ "സ്കാന്‍" ചെയ്യണം. മൂല്യമുള്ള കാര്‍ഡാണെങ്കില്‍ സ്റ്റേഷന്‍ വാതില്‍ തുറക്കും!പിന്നെ സ്റ്റേഷനുള്ളില്‍ കടന്ന്‌ ഇ ഷ്ടമുള്ള ട്രയിന്‍ പിടിക്കുക; ഇഷ്ടമുള്ള സ്റ്റേഷനില്‍ ഇ റങ്ങുക. സ്റ്റേഷന്‌ പുറത്ത്‌ കടക്കണമെങ്കില്‍ "കാര്‍ഡ്‌" വീണ്ടും "സ്കാന്‍" ചെയ്യുക.അപ്പോള്‍ യാത്രകൂലി കാര്‍ഡ്‌ മൂല്യത്തില്‍ നിന്നും റെയില്‍ കമ്പനി കുറയ്ക്കും.കാര്‍ഡ്‌ അതിണ്റ്റെ മൂല്യം അനുസരിച്ച്‌ പല യാത്രകള്‍ക്ക്‌ ഉപയോഗിക്കാം. കാര്‍ഡ്‌ കൂടാതെ ഒരു യാത്രയ്ക്ക്‌ ഉപയോഗിക്കവുന്ന Single Journey Ticket ലഭ്യമായിരിക്കും.

ഡല്‍ഹി മെട്രോ റെയില്‍ ട്രാവല്‍ കാര്‍ഡ്‌ (ആറ്‍. എഫ്‌.ഐ.ഡി. ടെക്നൊളജി യാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌)

അപ്പോള്‍ ശുഭയാത്ര! പിന്നെ ദയവായി ക്യൂ പാലിക്കുക!

ലാലൂ യാദവ്‌ & ഫ്രൂട്ട്‌ ട്രീ.... !

ഇന്ത്യന്‍ റെയില്‍വെ മിനിസ്റ്റര്‍ പ്രസംഗം പരിഭാഷപ്പെടുത്തുന്നു





റെയില്‍വെ ബജറ്റ്‌ അവതരണം: ശ്രീമാന്‍ ലാലൂ പ്രസാദ്‌ യാദവ്‌.
പിന്നണിയില്‍ : ശ്രീമാന്‍ ഇ അഹമദ്‌,ശ്രീമാന്‍ മുരശൊലി മാരന്‍.

പറയുമ്പൊള്‍ എല്ലാം പറയണമെല്ലോ......
ഇന്ത്യന്‍ റെയില്‍വെ ലാഭത്തിലാക്കാന്‍ ലാലുവിന്‌ കഴിഞ്ഞത്രെ! മാത്രമല്ല ഹാര്‍വാര്‍ഡ്‌ യൂണിവെഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ റെയില്‍വെ യില്‍ ഇന്‍റ്റെണ്‍ഷിപ്പും വാഗ്ദാനം ചെയ്തിരിക്കുന്നു മാന്യന്‍!

Monday, April 14, 2008

"ഒരു ലോകം ,ഒരു സ്വപ്നം"

ഏറെ കുപ്രസിദ്ധി നേടിക്കഴിഞ്ഞിരിക്കുകയാണ്‌ ബെയ്ജിംഗ്‌ ഒളിമ്പിക്സ്‌! നമ്മള്‍ വസിക്കുന്ന ലോകം ആകെ മാറിപ്പോയിരിക്കുന്നു. സമാധാനത്തിണ്റ്റെ പ്രതീകമായ ഒലിവ്‌ ഇലകള്‍ കൊണ്ടുള്ള കിരീടം സമ്മാനമായി നല്‍കിയ ചരിത്രം ഈ കായികമേളയ്ക്കുണ്ട്‌,പക്ഷെ ഇ ത്തവണ എല്ലാവര്‍ക്കും തെറ്റ്‌ പറ്റി. ആതിഥേയ രാഷ്ട്രമായ ചൈന ഇത്തരത്തിലുള്ള തിരിച്ചടി നേടാന്‍ കാരണങ്ങള്‍ രണ്ടുണ്ട്‌.

ആഫ്രിക്കന്‍ രാഷ്ട്രമായ സുഡാന്‍ ചൈനയുടെ അടുത്ത സുഹൃത്താണ്‌.എണ്ണ സമ്പന്നമായ സുഡാനിലെ ഏറ്റവും വലിയ നിക്ഷേപം ചൈനയുടെതാണ്‌.സുഡാനീസ്‌ സര്‍ക്കാരിന്‌ ആയുഥങ്ങള്‍ എത്തുന്നതും ചൈനയില്‍ നിന്നാണത്രേ...സിവിലിയന്‍ യുദ്‌ ധത്തില്‍ സുഡാനില്‍ മരിച്ചവര്‍ 2000000,വീട്‌ നഷ്ട്പ്പെട്ടവര്‍ 4000000; കണക്കുകള്‍ ഭീകരമായി കിടക്കുന്നു.ചൈന സുഡാനില്‍ സമാധാനം കൊണ്ടുവരാന്‍ ശ്രമിച്ചില്ല എന്നതാണ്‌ പ്രധാന ആരോപണം.

രണ്ടാമതായി ചൈന-റ്റിബറ്റ്‌ പ്രശ്നം. റ്റിബറ്റന്‍ ജനത ചൈനയുമായി രമ്യതയില്ലാതായിട്ട്‌ വര്‍ഷങ്ങളാകുന്നു.റ്റിബറ്റന്‍ ആത്മീക ഗുരുവും നേതാവുമായ ദലൈ ലാമ 1959 മുതല്‍ ഇന്ത്യയില്‍ അഭയാര്‍ഥിയാണ്‌.എന്തു കൊണ്ടോ റ്റിബറ്റന്‍ ജനതയും ചൈനയ്ക്കെതിരേ തിരിയാന്‍ ഒളിമ്പിക്സ്‌ ആയുഥമാക്കിയിരിക്കുന്നു.

"ഒരു ലോകം ,ഒരു സ്വപ്നം" ,ബെയ്ജിംഗ്‌ ഒളിമ്പിക്സ്‌ മുദ്രാവാക്യമാണിത്‌....പക്ഷെ എന്തൊക്കെയോ ദുസ്വപ്നങ്ങള്‍ ,ബെയ്ജിങ്ങിനെ പിടികൂടിക്കഴിഞ്ഞിരിക്കുന്നു,മനുഷ്യ മനസുകളേയും.

നമ്മള്‍ പഠിച്ച അര്‍ഥപൂര്‍ണമായ ചില വരികള്‍:
"കൂടെയല്ലാ ജനിക്കുന്ന നേരത്തും
കൂടെയല്ലാ മരിക്കുന്ന നേരത്തും
മധ്യെയിങ്ങനെ കാണുന്ന നേരത്ത്‌
മത്സരിക്കുന്നതെന്തിനു നാം വൃഥാ!"

Saturday, April 12, 2008

ഡിസ്ളെക്സിയ Dyslexia




ഡിസ്ളെക്സിയ എന്ന രോഗത്തെ പറ്റി കൂടുതല്‍ വായിച്ചു.അതിനെ ഒരു രോഗം എന്ന്‌ വിളിക്കാമോ എന്ന്‌ എനിക്കറിയില്ല. പ്രായമായവരില്‍ കണ്ട്‌ വരുന്ന അല്‍ഷീമേഴ്സ്‌ പോലെ കുഞ്ഞു കുട്ടികളിലാണ്‌ ഡിസ്ളെക്സിയ കാണപ്പെടുന്നത്‌. എഴുതിയതോ പറയപ്പെട്ടതോ ആയ നിര്‍ദേശങ്ങള്‍ തലച്ചോറില്‍ വിശകലനം ചെയ്യാന്‍ കഴിയാത്തതാണ്‌ പ്രധാനമായും കണ്ട്‌ വരുന്ന രോഗ ലക്ഷണം.

ഉപയോഗിക്കുന്ന ഭാഷ അനുസരിച്ച്‌ രോഗലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കും എന്ന്‌ ന്യൂറോളജിസ്റ്റുകള്‍ പറയുന്നു.ഉദാഹരണത്തിന്‌ ഡിസ്ളെക്സിയ ഉള്ള ഒരു കുട്ടി d,b,p,q എന്നിവ തമ്മില്‍ തിരിച്ചറിയുവാന്‍ പ്രയാസപ്പെടും. സംഖ്യകളുടെ കാര്യത്തിലും ഇതേ വൈകല്യം കാണപ്പെടുന്നു. ഡിസ്ളെക്സിയ ഉള്ള ഒരു കുട്ടിക്ക്‌ പൊതുവേ മാനസീകമോ ബുദ്‌ ധി പരമായോ വൈകല്യങ്ങല്‍ കാണില്ല,എന്നാല്‍ മറ്റ്‌ കുട്ടികള്‍ അനായസമായി ചെയ്യുന്ന കാര്യങ്ങള്‍ തനിക്കു പ്രയാസമായി തോന്നുമ്പോല്‍ അത്‌ കുട്ടിയുടെ ആത്മ വിശ്വാസത്തെ ബാധിക്കും.

ഡിസ്ളെക്സിയ ഉള്ള കുട്ടികള്‍ക്ക്‌ പ്രത്യേക പരിചരണം അത്യാവശ്യമാണ്‌.കുട്ടിയുടെ ആതമവിശ്വാസം വളര്‍ത്തിയെടുക്കുവാനും വൈകല്യങ്ങല്‍ മനസിലാക്കി പ്രത്യേക പരിശീലനതിലൂടെയും ഒരു പരിധി വരെ കുട്ടിയെ തണ്റ്റെ ലോകത്തിലേക്ക്‌ മടക്കി കൊണ്ടു വരുവാനും സാധിക്കും. ലോകമെങ്ങും ഡിസ്ളെക്സിയ ഉള്ള കുട്ടികളെ പOന വിധെയമാക്കി അവരുടെ മാനറിസങ്ങല്‍ക്കനുസരിച്ച്‌ പOനരീതികള്‍ തയാറാക്കി വരികയാണ്‌ ഈ രംഗത്തെ പ്രഗത്ഭര്‍.


നോട്ട്‌: കൂടുതല്‍ ലിങ്കുകള്‍: ബ്രിട്ടീഷ്‌ ഡിസ്ളെക്സിയ അസോസിയേഷന്‍: www.bdadyslexia.org.uk
ഡിസ്ളെക്സിയ അസോസിയേഷന്‍ ഓഫ്‌ സിംഗപ്പൂര്‍ : www.das.org.sg

ഡിസ്ളെക്സിയ ബാധിച്ച്‌ ഒരു കുഞ്ഞു കുട്ടിയുടെ ആത്മ സംഘര്‍ഷങ്ങളും അധ്യാപക കരുതലും പ്രമേയമാക്കി ആമിര്‍ ഖാന്‍ നിര്‍മിച്ച 'താരെ സമീന്‍ പര്‍' ( നക്ഷത്രങ്ങള്‍ ഭൂമിയില്‍) എന്ന ഹിന്ദി സിനിമ വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു.


Wednesday, February 27, 2008

Some word of Inspiration and Hope...

Psalm 30 (GNT)
Let Your Light Shine and Come to the Lord in Prayer
1 I praise you, LORD, because you have saved me
and kept my enemies from gloating over me.
2 I cried to you for help, O LORD my God,
and you healed me;
3 you kept me from the grave. I was on my way to the depths below,
but you restored my life.
4 Sing praise to the LORD, all his faithful people!
Remember what the Holy One has done, and give him thanks!
5 His anger lasts only a moment, his goodness for a lifetime.
Tears may flow in the night, but joy comes in the morning.
6 I felt secure and said to myself,
"I will never be defeated."
7 You were good to me, LORD; you protected me like a mountain fortress.
But then you hid yourself from me, and I was afraid.
8 I called to you, LORD;
I begged for your help:
9 "What will you gain from my death? What profit from my going to the grave?
Are dead people able to praise you? Can they proclaim your unfailing goodness?
10 Hear me, LORD, and be merciful!
Help me, LORD!"
11 You have changed my sadness into a joyful dance;
you have taken away my sorrow and surrounded me with joy.
12 So I will not be silent; I will sing praise to you.
LORD, you are my God; I will give you thanks forever.