Saturday, June 7, 2008

ചില പൌരധര്‍മ ഫ്ലാഷ്ബാക്കുകള്‍

"നാളെ ഇന്ത്യ ആര്‌ ഭരിക്കണം എന്ന്‌ തീരുമാനിക്കേണ്ടവരാണ്‌ നിങ്ങള്‍.രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ പോളിംഗ്‌ ബൂത്തില്‍ കണ്ടു മുട്ടേണ്ടവരാണ്‌ നമ്മള്‍.ഇ ത്രയും ഭാരിച്ച ഉത്തരവാദിത്വങ്ങളുള്ള നിങ്ങള്‍ പഠനമോ ജീവിതമോ നിസാരമായിട്ടെടുക്കരുത്‌".

എത്ര വില പിടിപ്പുള്ള ചിന്ത.

രംഗം : ഒരു പത്താം ക്ളാസ്‌ റൂം. വിഷയം : ഹിസ്റ്ററി ആന്‍റ്റ്‌ സിവിക്സ്‌ അഥവാ ചരിത്രവും പൌരധര്‍മവും.

ഞാനിന്നും 'മിസ്‌' ചെയ്യുന്നത്‌;ഒരിക്കല്‍ കൂടി ആ 10 ബി യുടെ ബെഞ്ചില്‍ ഹിസ്റ്ററി ക്ളാസിലിരിക്കണം എന്ന്‌ ചിന്തിപ്പിക്കുന്നത്‌ ആ വിഷയത്തോടുള്ള അമിതമായ താല്‍പര്യം കൊണ്ടല്ല,മറിച്ച്‌ എസ്‌.സി. സ്കൂളിലെ വേറിട്ട ശബ്ദങ്ങളിലൊന്നായ ശ്രീമതി. സൂസമ്മ റ്റീച്ചറിന്‍ റെ ഇത്തരം തകര്‍പ്പന്‍ ഡയലോഗുകള്‍ കൊണ്ടാണ്‌.ഒന്നും കുറിച്ച്‌ വച്ചിട്ടില്ലങ്കിലും പലപ്പൊഴും ആ വാക്കുകള്‍ മനസില്‍ അറിയാതെ മിന്നി മറയുന്നു.

ഓര്‍മയുടെ ചില ഫ്ലാഷ്‌ ബാക്കുകള്‍.....

ആറോ ഏഴൊ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.ഇന്ത്യ മാറി.വിദ്യാര്‍ത്ഥികളുടെ മനോഭാവങ്ങള്‍ പാടേ മാറി.സൂസമ്മ റ്റീച്ചറിന്‍റെ പൌരധര്‍മക്ളാസിലെ ഡയലോഗുകളും മാറിയിരിക്കണം.

പത്താം ക്ളാസിലെ സര്‍ക്കാര്‍ പാഠപുസ്തക സിലബസിനപ്പുറത്തേക്കും ക്ളാസിനെ കൈ പിടിച്ചു കൊണ്ടു പോകാന്‍ റ്റീച്ചറിന്‌ എന്നും കഴിഞ്ഞിരുന്നു.റ്റീച്ചര്‍ ഒപ്പം പഠിപ്പിച്ചിരുന്ന ഇംഗ്ളീഷ്‌ സെക്കണ്റ്റ്‌ പേപ്പറിലെ 'മെര്‍ച്ചണ്റ്റ്‌ ഓഫ്‌ വനീസും' 'കിംഗ്‌ ലിയറും' 'ജൂലിയസ്‌ സീസറു'മെല്ലാം ചെന്നെത്തുന്നത്‌ ഒരേ ഡയലൊഗിലേക്കാണ്‌.

"എന്തിനാണ്‌ നമ്മള്‍ പഠിക്കുന്നത്‌?പ്രത്യേകിച്ച്‌ ചരിത്രം?കഴിഞ്ഞു പോയ തെറ്റുകള്‍ അവര്‍ത്തിക്കപ്പെടരുത്‌.അണ്വായുധങ്ങളെ പറ്റി നമ്മള്‍ പഠിക്കുന്നത്‌ നമ്മുടെ ഡല്‍ഹിയും ബോംബെയും മറ്റൊരു ഹിരോഷിമയോ നാഗാസാക്കിയോ ആവാതിരിക്കാനാണ്‌".

തികഞ്ഞ ഹര്‍ത്താല്‍ വിരോധിയായ റ്റീച്ചര്‍ പറഞ്ഞ പ്രശസ്തമായ മറ്റൊരു ഡയലൊഗ്‌:

"ഇന്നാര്‍ക്കും കടകളടപ്പിക്കാം.പേരും നാളും അച്ചടിച്ച പ്രസിന്‍റെ പേരുമില്ലാതെ ഒരു നോട്ടീസ്‌ ഒരു മാടക്കടയില്‍ പ്രത്യക്ഷപ്പെട്ടാല്‍ നാളെ കടകള്‍ തുറക്കില്ല,ബസുകള്‍ ഓടില്ല.പക്ഷേ ബസുകാരെ പറയാന്‍ പറ്റില്ല.അഞ്ചും ആറും ലക്ഷം രൂപ മുടക്കി അവരിറക്കുന്ന ഒരു ബസിന്‍റെ ചില്ല്‌ നിസ്സരമായി തല്ലിപ്പൊട്ടിക്കാനോ കല്ലെറിയാനോ ആര്‍ക്കും ലൈസന്‍സുണ്ടിവിടെ. അത്രയും അത്ഥ:പതിച്ചിരിക്കുകയാണ്‌ നമ്മളഭിമാനിക്കുന്ന ആര്‍ഷഭാരതസംസ്കാരം!"

സ്ഥിരമായി ടെസ്റ്റ്‌ പേപ്പറിടുന്ന റ്റീച്ചറോട്‌ ഒരിക്കല്‍ പരിഭവിച്ച ഞങ്ങള്‍ക്ക്‌ കിട്ടിയ മറുപിടി റ്റീച്ചറിന്‍റെ ഒരു മാസ്റ്റര്‍ പീസാണ്‌:

"എനിക്ക്‌ കപ്പലണ്ടി വാങ്ങിക്കാന്‍ സര്‍ക്കാര്‍ കാശ്‌ തരുന്നുണ്ടെടാ മക്കളേ,നിങ്ങളുടെ ടെസ്റ്റ്‌ പേപ്പര്‍ വിറ്റിട്ട്‌ എനിക്ക്‌ കപ്പലണ്ടി വാങ്ങിക്കണ്ടാ.പിന്നെ ഞാന്‍ ജോലി ചെയ്യുന്നത്‌ ജീവനില്ലാത്ത ഫയലുകള്‍ക്കൊപ്പമല്ല.ജീവിക്കുന്ന,പ്രതികരണശേഷിയുള്ള,നാളെയുടെ വാഗ്ദാനങ്ങളായ ഒരു തലമുറയ്ക്ക്‌ വേണ്ടിയാണ്‌.ആ ഒരു ഉത്തരവാദിത്വം എനിക്കുണ്ട്‌".

വളരെ വേഗം ആ പത്താം ക്ളാസ്‌ ദിനങ്ങള്‍ അവസാനിച്ചു.മോഡല്‍ എക്സാം നടക്കുമ്പൊഴാണ്‌ അവസാനമായി റ്റീച്ചര്‍ ഞങ്ങള്‍ക്ക്‌ ക്ളാസെടുത്തത്‌.പതിവ്‌ ഡയലൊഗുകള്‍,ഒരു വിടവാങ്ങല്‍ പ്രസംഗം പോലെ. ഒത്തിരി ഒത്തിരി കാര്യങ്ങള്‍,പിന്നെ ഒരു അനുഗ്രഹവും:

"നിങ്ങള്‍ ഭാവിയില്‍ ആരൊക്കെ ആയാലും,എന്തൊക്കെ പഠിച്ചാലും മനുഷ്യനെ മനുഷ്യന്‍ ആക്കുന്ന ചില സംഗതികളുണ്ട്‌.ആരുടെ മുന്നിലും തല കുനിക്കരുത്‌.കടമകളും കടപ്പാടുകളും മറക്കരുത്‌.അത്‌ നിങ്ങളൊടൊ,നിങ്ങളൂടെ കുടുംബത്തൊടൊ രാഷ്ട്രത്തോടൊ ആയിക്കൊള്ളട്ടെ.നിങ്ങളൂടെ തലമുറ ഒരിക്കലും നശിക്കത്തില്ല.അതിന്‌ രണ്ട്‌ കാരണങ്ങളുണ്ട്‌,ഒന്ന് നിങ്ങള്‍ക്ക്‌ വിജയിക്കുവാനുള്ള കപ്പാസിറ്റി ഉണ്ട്‌.പിന്നെ നിങ്ങളുടെ പിന്നില്‍ നിങ്ങളുടെ അമ്മമാരുടെ കണ്ണുനീരും പ്രാര്‍ത്ഥനയുമുണ്ട്‌".

റ്റീച്ചറിന്‍റെ വാക്കുകള് പലതും സത്യമായി.ഞങ്ങളുടെ ബാച്ചിലുള്ളവരെല്ലാം വിചാരിച്ചതിലും അനേകം മടങ്ങായി ഉയര്‍ന്നു .

2007 ലെ ഒരു സെപ്റ്റംബര്‍ അവധിക്കാലം.ഹയര്‍ സെക്കണ്ടറി സയന്‍സ്‌ ബാച്ച്‌ റീയൂണിയനില്‍ പ്രസംഗിക്കാന്‍ റ്റീച്ചര്‍ ഞങ്ങളുടെ ക്ഷണം സ്വീകരിച്ചെത്തി.

"സയന്‍സ്‌ വിദ്യാര്‍ത്ഥികളായിരുന്ന നിങ്ങള്‍ ഒരു ചരിത്രാധ്യാപികയായ എന്നെ നിങ്ങളുടെ റീയൂണിയനിലേക്ക്‌ ക്ഷണിച്ചത്തിന്‍റെ പിന്നിലെ സംഗതി എനിക്ക്‌ മനസിലാകുന്നില്ലങ്കിലും.........." എന്നു തുടങ്ങി പഴയ പ്രസരിപ്പോടെ ഒരു തകര്‍പ്പന്‍ ക്ളാസ്‌.

നന്നായൊന്നു റീച്ചാര്‍ജായി.

അവസാനം ക്ഷേമാന്വേഷണങ്ങള്‍ക്കൊടുവില്‍ അല്‍പം നൊമ്പരത്തോടെ ഒരു ഡയലോഗ്‌:

"പഴയ പോലെ ഒന്നും പറ്റുന്നില്ലാ. മനസ്‌ എത്തുന്നിടത്ത്‌ ശരീരമെത്തുന്നില്ല"

********************************

പത്താം ക്ളാസ്‌ കഴിഞ്ഞിട്ട്‌ ഏഴോളം ജൂണ്‍ മാസങ്ങള്‍ കഴിഞ്ഞു.എങ്കിലും മനസില്‍ വീണ്ടും ഒരാഗ്രഹം:

ഒരു ജൂണ്‍ മാസത്തില്‍ പുറത്തു നല്ല മഴ പെയ്യുമ്പൊള്‍ ആ നല്ല കൂട്ടുകാരോടൊത്ത്‌ ഒരിക്കല്‍ കൂടി 10 ബിയില്‍ സിവിക്സ്‌ ക്ളാസിലിരിക്കണം.തകര്‍ത്തു പെയ്യുന്ന മഴയ്ക്ക്‌ ഡയറക്‌ലി പ്രൊപ്പോറ്‍ഷണലായി ഉയരുന്ന ആ നല്ല വാക്കുകള്‍ കേള്‍ക്കണം.

പക്ഷെ,

"വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പൊഴും വെറുതേ മോഹിക്കുവാന്‍ മോഹം.............. "

1 comment:

T2 |റ്റിറ്റു said...

"നാളെ ഇന്ത്യ ആര്‌ ഭരിക്കണം എന്ന്‌ തീരുമാനിക്കേണ്ടവരാണ്‌ നിങ്ങള്‍.രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ പോളിംഗ്‌ ബൂത്തില്‍ കണ്ടു മുട്ടേണ്ടവരാണ്‌ നമ്മള്‍.ഇ ത്രയും ഭാരിച്ച ഉത്തരവാദിത്വങ്ങളുള്ള നിങ്ങള്‍ പഠനമോ ജീവിതമോ നിസാരമായിട്ടെടുക്കരുത്‌".

ചില പൌരധര്‍മ ഫ്ലാഷ്ബാക്കുകള്‍.......